കൂട്ടമണിയിൽ ആരംഭിച്ച് “ഉറിയടി”യിൽ ആവർത്തിച്ച ചിരിപ്പൂരം

തീയ്യേറ്ററുകളിൽ ചിരിപ്പൂരം തന്നെ തീർത്ത “അടി കപ്യാരെ കൂട്ടമണി ” എന്ന ചിത്രത്തിന് ശേഷം എ.ജെ വർഗീസ് സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ഇന്ന് തിയ്യേറ്ററിലെത്തിയ ഉറിയടി. ചിരിക്കാൻ ഏറെയുണ്ടെന്നത് കൊണ്ട് തന്നെയാണ് ആദ്യ ഷോ തന്നെ കയറിയത്.

ഒരു വ്യക്തിയുടെ ജീവിത പ്രശ്നങ്ങൾ മറ്റുള്ളവർക്ക് കോമഡിയായ് മാത്രം അനുഭവപ്പെടുന്നു എന്നതിനെ മുൻനിർത്തിയാണ് ഉറിയടി മുന്നോട്ട് പോകുന്നത്. മാധ്യമങ്ങളാൽ വളച്ചൊടിക്കപ്പെടുന്ന വാർത്തകൾക്ക് പിന്നിലെ ഇരകൾക്കും ഒരു സാമൂഹ്യ ജീവിതം ഉണ്ടെന്ന് ഓർമപ്പെടുത്തുകയാണ് ഉറിയടിയിലൂടെ.ആന്‍ അടി കാന്‍ ചെയ്ഞ്ച് യുവര്‍ ലെെഫ് എന്ന ടാഗ് ലെെനോടെയാണ് ഉറിയടി എത്തിയിരിക്കുന്നത്. കംപ്ലീറ്റ് കോമഡി എന്‍റര്‍ടെയ്നറായാണ് വര്‍ഗ്ഗീസ് ഉറിയടി ഒരുക്കിയിരിക്കുന്നതെന്ന് നിസ്സംശയം പറയാം.

തിരുവനന്തപുരം നഗരത്തിലുള്ള ഒരു പോലീസ് ക്വാർട്ടേഴ്സും അവിടുത്തെ താമസക്കാരുമായ് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡി. വൈ.എസ്.പി മുതൽ കോൺസ്റ്റബിൾ വരെയുള്ളവർ കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ അജു വർഗീസ്, ശ്രീനിവാസൻ, ബൈജു, ഇന്ദ്രൻസ്, സിദ്ദിഖ്, സുധി കോപ്പ, നോബി, ശ്രീജിത്ത് രവി, ബാലാജി ശർമ, എന്നിവരാണ് പ്രധാന താരങ്ങൾ.

ത്രി.എഫ് ആന്റ് ഫിഫ്റ്റിസിക്സ് സിനിമാസിന്റെ ബാനറിൽ നൈസാം എസ് സലീം, സുധീഷ് ശങ്കർ രാജേഷ് നാരായണൻ എന്നിവർ ചേർന്ന് ചിത്രം നിർമിച്ചിരിക്കുന്നു. ദിനേശ് ദാമോദറാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജെമിന്‍ ജോം അയ്യനേത്താണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സംഗീതം ഇഷാന്‍ ദേവും നിര്‍വ്വഹിച്ചിരിക്കുന്നു.

ചിരിച്ച് രസിച്ച് ചിത്രം കണ്ട് ഇറങ്ങി വരാം എന്നുള്ള ഉറപ്പ് മാത്രം മതി ചിത്രത്തിന് ടിക്കറ്റെടുക്കാൻ. ധൈര്യമായ് ടിക്കറ്റെടുത്തോളൂ.’