ബ്രഹ്മാണ്ഡ ദൃശ്യാനുഭവം !! വിസ്മയിപ്പിച്ച മാമാങ്കക്കാഴ്ചകൾ – റിവ്യൂ

SHARE

ചരിത്ര പുസ്തകങ്ങളിൽ മാത്രം വായിച്ചറിഞ്ഞ മാമാങ്കത്തിന്റെ വീര ശൂര ചരിത്രം ഒരു ബ്രഹ്മാണ്ഡ സിനിമാവിഷ്ക്കാരമായപ്പോൾ ആദ്യ ഷോ തന്നെ കണ്ടറിഞ്ഞു. മലയാളത്തിൽ ഇതുവരെയിറങ്ങിയ ചരിത്ര സിനിമകളിൽ ഏറ്റവും മുകളിൽ തന്നെയാണ് മാമാങ്കം നിലയുറപ്പിച്ചിരിക്കുന്നത്. ചരിത്ര സിനിമകൾക്ക് എന്നും മികച്ച ചോയ്സായ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാർ മാമാങ്കം ഒരുക്കിയിരിക്കുന്നു. ശങ്കർ രാമകൃഷ്ണൻ രചിച്ച ഈ ബിഗ് ബജറ്റ് ചിത്രം കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമിച്ചിരിക്കുന്നു.

പതിനെട്ടാം നൂറ്റാണ്ടിൽ ഭാരത പുഴയുടെ തീരത്തു നടന്നിരുന്ന മാമാങ്കം ഉത്സവത്തിന്റെയും അവിടെ നടന്ന പോരാട്ടങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. സാമൂതിരിക്കു എതിരെ പട നയിച്ച ചാവേറുകളുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന വലിയമ്മാമ എന്ന യോദ്ധാവ്, ഉണ്ണി മുകുന്ദന്റെ ചന്ദ്രോത് പണിക്കർ, മാസ്റ്റർ അച്യുതന്റെ ചന്തുണ്ണി എന്നീ കഥാപാത്രങ്ങൾക്ക് ചുറ്റുമാണ് ‘മാമാങ്കം’ വികാസം പ്രാപിക്കുന്നത്.

ഒരേ സമയം മാസ്സും, ക്ലാസ്സും ആയിരിക്കുന്നതെങ്ങനെയെന്ന് തെളിയിക്കുകയാണ് മാമാങ്കം. പതിയെ സഞ്ചരിച്ചു തുടങ്ങിയ കഥ രണ്ടാം പകുതിയിൽ ആളിക്കത്തുകയായിരുന്നു. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും വ്യക്തവും, കൃത്യവുമായ ഒരു സ്ഥാനം നൽകിയ എഴുത്തിലെ മികവും എടുത്ത് പറയേണ്ടതാണ്. സാങ്കേതികയുടെ എല്ലാ സാധ്യതകളെയും ഉപയോഗപ്പെടുത്തിയിരിക്കുന്ന മാമാങ്കം പ്രേക്ഷകന് ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് നൽകുന്നത്.

മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, അച്യുതൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവുകളിൽ ഒന്ന് . തങ്ങളുടെ കഥാപാത്രങ്ങൾക്ക് പ്രകടന മികവിലൂടെ ഇവർ മൂവരും പകർന്നു നൽകിയ തീവ്രത വളരെ വലുതാണ്. വിവിധ ഗെറ്റപ്പുകളിൽ മമ്മൂട്ടി നടത്തിയ പകർന്നാട്ടം അതിഗംഭീരം തന്നെയായിരുന്നു. നായികാ കഥാപാത്രത്തെ അവതരിപ്പിച്ച പ്രാചി ടെഹ്‌ലനും അനു സിത്താരയും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയെടുന്നുണ്ട്. ഇവരെ കൂടാതെ
സുദേവ് നായർ, ജയൻ ചേർത്തല, സിദ്ദിഖ്, ഇനിയ, കനിഹ, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്ണ, ഇടവേള ബാബു, മണികണ്ഠൻ ആചാരി, മണിക്കുട്ടൻ, സുനിൽ സുഗത, മേഘനാദൻ , തരുൺ അറോറ, വത്സല മേനോൻ, എന്നിവരും തങ്ങളുടെ ഭാഗങ്ങൾ വളരെ മികച്ചതാക്കിയിട്ടുണ്ട്.

മനോജ് പിള്ളൈ ഒരുക്കിയ ദൃശ്യങ്ങൾ വളരെ മികച്ച ഒന്നായിരുന്നു. അതോടൊപ്പം
സഞ്ചിത് ബെൽഹാരയും അങ്കിത് ബെൽഹാരയും ഒരിക്കൽ കൂടി മികച്ച പശ്ചാത്തല സംഗീതത്തിലൂടെ ചിത്രത്തെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് അടുപ്പിക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നുണ്ട്. എം. ജയചന്ദ്രൻ ഒരുക്കിയ ഗാനങ്ങൾ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് ആണ്.

മാമാങ്കം ഒരു കേരളാ ചരിത്രമായ് മാത്രം ഒതുങ്ങാതെ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ്. ബോക്സ് ഓഫീസ് വിസ്മയം തന്നെ തീർക്കാനുള്ള എല്ലാ ചേരുവകകളും ഒത്തുചേർന്ന മാമാങ്കം ഒരു ബ്രഹ്മാണ്ഡ ദൃശ്യാനുഭവം തന്നെയാണ്…


SHARE

CORONA VIRUS

COVID-19 TRACKER