വാക്കുകൾ കൊണ്ട് രജിഷാ വിജയനും നോട്ടം കൊണ്ട് സുരാജ് വെഞ്ഞാറമൂടും മനം കവർന്ന മികച്ച ചിത്രം

വാക്കുകൾ കൊണ്ട് രജിഷാ വിജയനും നോട്ടം കൊണ്ട് സുരാജ് വെഞ്ഞാറമൂടും മനം കവർന്ന മികച്ച ചിത്രം എന്ന് അടിവരയിട്ട് പറയാം. ആദ്യ ഷോ തന്നെ കയറിയ കാഴ്ചക്കാരൻ എന്ന നിലയിൽ ഒരു മികച്ച ദൃശ്യാനുഭവം തന്നെയായിരുന്നു ഫൈനൽസ് നൽകിയത്. മലയാള സിനിമയിൽ ആരും വലിയൊരു കൈ വെക്കാത്ത കായിക ഇനമായ സൈക്ലിങ്ങ് ഒരു പുതിയ കാഴ്ച തന്നെയാണ്.

ആലീസായി രജിഷാ വിജയൻ എടുത്ത കായികാധ്വാനത്തെ പ്രശംസിക്കാതെ വയ്യ. അത് പോലെ തന്നെയാണ് അച്ഛൻ വർഗീസായ സുരാജിന്റെ മികച്ച അഭിനയപ്രകടനവും. 2020 ടോക്കിയോ ഒളിമ്പിക്സിനായുള്ള താരത്തിന്റെ പ്രയത്നവും നേരിടുന്ന പ്രശ്നങ്ങളും ഒക്കെയാണ് ചിത്രം പങ്ക് വെക്കുന്നത്. ഒരു മികച്ച സ്പോർട്സ് മൂവി തന്നെയാണ് ഫൈനൽസ്. തുടക്കം മുതൽ ഒടുക്കം സ്പോർട്സിന്റെ ആവേശം നിലനിർത്തിയ സംവിധായകൻ PR അരുൺ പ്രശംസ അർഹിക്കുന്നു.

ഏതൊരു കായിക താരത്തിനും ഉയർന്ന് വരാൻ സമൂഹം നൽകേണ്ട സപ്പോർട്ട് എല്ലായിടത്ത് നിന്നും കിട്ടുന്നില്ല എന്നത് ഒരു വാസ്തവമാണ്. ഇങ്ങനെയുള്ള പല സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾ എടുത്ത് പറയുന്ന ഫൈനൽസ് നല്ലൊരു മെസ്സേജ് തന്നെയാണ് നൽകുന്നത്. താഴേക്കിടയിൽ നിന്ന് ഉയർന്ന് വരുന്ന കായിക പ്രതിഭകൾക്ക് ഒരു പ്രചോദനം തന്നെയാണ് ചിത്രം നൽകുന്നത്.

സുധീപ് എളമൺ ഒരുക്കിയ ദൃശ്യങ്ങൾക്ക് കൈലാസ് മേനോന്റെ സംഗീതം കൂടിയായപ്പോൾ ലഭിച്ച ഫീൽ ഒന്ന് വേറെ തന്നെയാണ്. ഇടുക്കിയുടെ ദൃശ്യ മനോഹാരിത കൂടിയായപ്പോൾ സംഗതി കളറായി. ഈ ഓണാവധി കുടുംബത്തോടൊപ്പം ആസ്വദിക്കാൻ പറ്റിയ മികച്ച ചിത്രം തന്നെയാണ് ഫൈനൽസ്. ധൈര്യമായ് കുടുംബത്തോടൊപ്പം ടിക്കറ്റെടുത്തോളൂ…